മൂന്നു വർഷത്തിൽ മൂന്ന് ഘട്ടങ്ങളിലായി നിരക്ക് വർധിക്കും
മാനിറ്റോബാ:മാനിറ്റോബാ ഹൈഡ്രോ 2026 മുതൽ തുടർച്ചയായ മൂന്നു വർഷം 3.5 ശതമാനം വീതം വൈദ്യുതി നിരക്കുകൾ ഉയർത്താൻ പബ്ലിക് യൂട്ടിലിറ്റി ബോർഡിനോട് അനുമതി അഭ്യർത്ഥിച്ചു. ഇതോടെ, ആകെ 10.9 ശതമാനമാണ് നിരക്കുകൾ ഉയരുക. കമ്പനിക്ക് നിലവിൽ 25 ബില്യൺ ഡോളറിന്റെ കടബാധ്യതയുണ്ട്, കൂടാതെ പഴകിയ വൈദ്യുതി വിനിമയ സംവിധാനങ്ങളും ഉത്പാദന ശേഷി വർദ്ധിപ്പിക്കേണ്ടതുമായ അവസ്ഥയിലാണ്.
ഹൈഡ്രോയുടെ പ്രസ്താവനയനുസരിച്ച്, ബിപോൾ I, ബിപോൾ II എന്നീ പ്രധാന ട്രാൻസ്മിഷൻ ലൈനുകളുടെ ചില ഭാഗങ്ങൾക്ക് 50 വർഷത്തിലധികം പഴക്കമുണ്ട്. ഇവയ്ക്ക് അടുത്ത 10-30 വർഷം വരെ ആയുസ് ഉണ്ടെകിലും , കാര്യമായ അറ്റകുറ്റപ്പണി ആവശ്യമാണെന്ന് വ്യക്തമാക്കുന്നു. കൂടാതെ, ഉയർന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2030ഓടെ പുതിയ ഉത്പാദന പദ്ധതികൾ ആരംഭിക്കേണ്ടതുണ്ടെന്നും പറയുന്നു
നിലവിൽ 1.4 ബില്യൺ ഡോളർ വിലമതിക്കുന്ന ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഉത്പാദന യൂണിറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി ഹൈഡ്രോയ്ക്ക് ഉണ്ട്. 2035 മുതൽ 2045 വരെ കൂടുതൽ വാതകത്തെ ആശ്രയിക്കുന്ന വൈദ്യുതി ഉത്പാദന പദ്ധതികൾ ആവശ്യമാകാമെങ്കിലും, 2035 ഓടെ ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള പ്രാദേശിക സർക്കാരിന്റെ നിർദ്ദേശം നിലവിലുണ്ടെന്ന് ഹൈഡ്രോ വ്യക്തമാക്കുന്നു
വ്യാപകമായ വരുമാന നഷ്ടവും കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ഉണ്ടായ വരൾച്ചയും മൂലം കമ്പനി സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിനാൽ വൈദ്യുതി നിരക്ക് വർധനയ്ക്കായി അപേക്ഷ നൽകിയതായി ഹൈഡ്രോ അറിയിച്ചിട്ടുണ്ട്. വൈദ്യുതി നിരക്ക് വർധന വിലക്കയറ്റത്തിനിടയിൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, തടസ്സമില്ലാതെ ലഭ്യമാകുന്ന വൈദ്യുതി സേവനം വിതരണത്തിനും ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇത് അനിവാര്യമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്