വാഷിംഗ്ടൺ ക്യാപിറ്റൽസിന്റെ ഫോർവേഡ് താരം അലക്സ് ഓവെച്കിൻ ഞായറാഴ്ച തന്റെ 895-ാമത് കരിയർ ഗോൾ നേടിയതിലൂടെ എൻ.എച്ച്.എൽ ഹോക്കി ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തു. ഇതോടെ ഹോക്കി ഇതിഹാസം വെയ്ൻ ഗ്രെറ്റ്സ്കിയുടെ ദീർഘകാലം നിലനിന്ന റെഗുലർ സീസൺ ഗോളുകളുടെ പരമാവധി റെക്കോർഡ് (894) ഓവെച്കിൻ മറികടന്നു. ന്യൂയോർക്ക് ഐലൻഡേഴ്സിനെതിരായ മത്സരത്തിന്റെ രണ്ടാം പിരീഡിലായിരുന്നു ഈ നേട്ടം. ഈ സീസണിൽ ഓവെച്കിന്റെ തന്റെ 42-ാമത്തെ ഗോളാണ് നേടിയത്. രണ്ട് ദിവസം മുമ്പ് ചിക്കാഗോ ബ്ലാക്ക്ഹോക്സിനെതിരെ രണ്ട് ഗോളുകൾ നേടിയതോടെ ഗ്രെറ്റ്സ്കിയുടെ റെക്കോർഡുമായി ഓവെച്കിൻ സമനിലയിലെത്തിയിരുന്നു.
ക്യാപിറ്റൽസിനായി മാത്രം കളിച്ച് 20-ാം എൻ.എച്ച്.എൽ സീസണിൽ എത്തിനിൽക്കുന്ന 39 വയസ്സുകാരനായ റഷ്യൻ വിംഗർ, തന്റെ പ്രശസ്തമായ കരിയറിൽ ഒൻപത് തവണ 50-ൽ അധികം ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ 14 സീസണുകളിൽ 40-ൽ അധികം ഗോളുകൾ നേടിയിട്ടുമുണ്ട്, ഇവ രണ്ടും എൻ.എച്ച്.എൽ റെക്കോർഡുകളാണ്. ഓവെച്കിൻ 9 തവണ മൗറീസ് “റോക്കറ്റ്” റിച്ചാർഡ് ട്രോഫി നേടിയിട്ടുണ്ട്. ഗോർഡി ഹോവിന് ശേഷം ഒരു സീസണിൽ 40 ഗോളുകൾ നേടുന്ന രണ്ടാമത്തെ പ്രായം കൂടിയ കളിക്കാരനാണ് ഓവെച്കിൻ. 2004-ൽ ആദ്യ റൗണ്ടിൽ തന്നെ ഡ്രാഫ്റ്റ് ചെയ്യപ്പെട്ട ഓവെച്കിൻ, “ദ ഗ്രേറ്റ് 8” എന്ന് അറിയപ്പെട്ടിരിന്നു, 1,486 മത്സരങ്ങളിൽ നിന്ന് 1,619 പോയിന്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
1994-ൽ വെയ്ൻ ഗ്രെറ്റ്സ്കി ഗോർഡി ഹോവിന്റെ 801 ഗോളുകളുടെ റെക്കോർഡ് തകർത്ത് തന്റെ കരിയർ 894 ഗോളുകളോടെ അവസാനിപ്പിച്ചതിന്റെ വര്ഷങ്ങൾക്കു ശേഷമാണ് ഓവെച്കിന്റെ ഈ റെക്കോർഡ് കുറിക്കപ്പെട്ടത്. ഹോക്കി ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായി ഓവെച്കിന്റെ ഈ നേട്ടം അംഗീകരിക്കപ്പെടുന്നു. എൻ.എച്ച്.എൽ കമ്മീഷണർ ഗാരി ബെറ്റ്മാൻ ഉൾപ്പെടെയുള്ള ഹോക്കി ലോകത്തിലെ പ്രമുഖർ ഓവെച്കിന് ആശംസകൾ അർപ്പിച്ചിട്ടുണ്ട്. റെക്കോർഡ് തകർത്തതിന് ശേഷം ക്യാപിറ്റൽസ് ആരാധകർ ഓവെച്കിന് സ്റ്റാൻഡിംഗ് ഓവേഷൻ നൽകി ആദരിച്ചു. “ഇതൊരു സംഘ ശ്രമമാണ്, എന്റെ സഹ കളിക്കാർ, കുടുംബം, ആരാധകർ എല്ലാവരുടെയും പിന്തുണ എന്നെ ഇവിടെ എത്തിച്ചു” എന്ന് ഓവെച്കിൻ പ്രതികരിച്ചു.