ധോണിയുടെ പുതിയ നായകത്വത്തിനും ചെന്നൈയെ രക്ഷിക്കാനായില്ല
ചെപ്പോക്കിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത CSK, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർ നയിച്ച KKR-ന്റെ കരുത്തുറ്റ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ തകർന്ന് 103/9 എന്ന തങ്ങളുടെ ഏറ്റവും കുറഞ്ഞ ഹോം സ്കോറിലേക് പതിച്ചു.
ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച സുനിൽ നരെയ്ൻ 13 റൺസിന് 3 വിക്കറ്റ് എടുത്തിരുന്നു ശേഷം ബാറ്റിംഗിൽ വെറും 18 പന്തിൽ 44 റൺസ് നേടി കൊൽക്കത്തയുടെ വിജയം ഉറപ്പാക്കി. ക്വിന്റൻ ഡി കോക്കും 23 റൺസുമായി സംഭാവന നൽകി. കൊൽക്കത്ത എട്ട് വിക്കറ്റ് ബാക്കി നിർത്തി, ഏകദേശം 10 ഓവർ ശേഷിക്കെ വിജയലക്ഷ്യം കണ്ടെത്തി.
ഈ വിജയത്തോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു, അതേസമയം CSK തുടർച്ചയായ അഞ്ചാമത്തെ തോൽവിയോടെ – ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തോടെ – ഒമ്പതാം സ്ഥാനത്ത് തുടരുന്നു.
സിഎസ്കെയുടെ ഇന്നിംഗ്സ് തുടക്കം മുതലേ പതറി. ആദ്യ അഞ്ച് ഓവറിൽ വെറും 18 റൺസ് നേടിയതിന് ശേഷം, തുടർച്ചയായി നിർണായക വിക്കറ്റുകൾ നഷ്ടപ്പെട്ടു. തന്റെ മുൻ ടീമിനെതിരെ കളിച്ച മൊയീൻ അലി വിക്കറ്റ്-മെയ്ഡൻ ഓവറുമായി ആദ്യം തന്നെ ചെന്നൈയെ സമ്മർദ്ദത്തിലാക്കി. ഹർഷിത് റാണ തന്റെ ആദ്യ പന്തിൽ തന്നെ റച്ചിൻ റവീന്ദ്രയെ പുറത്താക്കി. ശിവം ദുബെ (31), വിജയ് ശങ്കർ (29) എന്നിവരിൽ നിന്ന് ചെറിയ പ്രതിരോധം ഉണ്ടായെങ്കിലും, ബാക്കി ലൈനപ്പ് KKR-ന്റെ സമ്മർദ്ദത്തിന് മുന്നിൽ തകർന്നുപോയി.
ചെപ്പോക്കിൽ ധോണിയുടെ സാന്നിധ്യം, പ്രത്യേകിച്ച് ടോസിനിടെ, അന്തരീക്ഷത്തെ താൽക്കാലികമായി ഉയർത്തിയെങ്കിലും ആ ആവേശം അധിക നേരം നിലനിന്നില്ല. CSK-യുടെ തുടർച്ചയായ അഞ്ചാമത്തെ തോൽവി മാത്രമല്ല, ഐപിഎൽ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ മൂന്ന് ഹോം ഗെയിമുകളും നഷ്ടപ്പെടുത്തി. ഇത് അവരുടെ പ്ലേഓഫ് പ്രതീക്ഷകളുടെ മേൽ നിഴൽ വീഴ്ത്തുകയും, അവരുടെ ഏറ്റവും ആഘോഷിക്കപ്പെട്ട നായകന് കീഴിൽ പോലും മങ്ങുന്ന ഫോമിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു.