കാനഡ 2024-ൽ 23 ലക്ഷത്തിലധികം താൽക്കാലിക വിസ അപേക്ഷകൾ നിരസിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം കുടിയേറ്റം വർധിച്ചതുംഅതുമൂലം രാജ്യത്തിന്റെ പൊതുസേവന സമ്മർദ്ദവും പൊതുവേ വിലയിരുത്തിപ്പെടുന്നത്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ (IRCC) കണക്കുകൾ പ്രകാരം വിസിറ്റർ വിസകൾ, സ്റ്റഡി പെർമിറ്റുകൾ, വർക്ക് പെർമിറ്റുകൾ എന്നിവയാണ് പ്രധാനമായും നിരസിക്കപ്പെട്ടത്. ഇതിൽ ഏകദേശം 19.5 ലക്ഷം വിസകളും വിസിറ്റർ വിസകളാണ്.
മെച്ചപ്പെട്ട രീതിയിൽ രാജ്യത്തിന്റെ വിഭവങ്ങൾ വിനിയോഗിക്കുന്നതിന് വേണ്ടിയാണ് ഈ നയപരമായ മാറ്റം വരുത്തിയതെന്ന് സർക്കാർ അറിയിച്ചു. കോവിഡിന് ശേഷം താൽക്കാലികമായി താമസിക്കുന്നവരുടെ എണ്ണം വർധിച്ചത് കാനഡയിലെ ഭവന വിപണിയിലും ആരോഗ്യരംഗത്തും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും വലിയ സമ്മർദ്ദമുണ്ടാക്കി. ഇതിന്റെ ഫലമായി സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുകയും വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താനായി കൂടുതൽ കർശനമായ വിലയിരുത്തലുകൾ നടത്തുകയും ചെയ്തു.
ഈ നീക്കം പൊതുസേവന മേഖലയിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ഇത് തൊഴിലാളി ക്ഷാമം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണം, നിർമ്മാണം തുടങ്ങിയ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന മേഖലകളിൽ ഇത് പ്രതിസന്ധിയുണ്ടാക്കും. പുതിയ നിയമങ്ങൾ കാരണം പ്രവേശനം നിഷേധിക്കപ്പെട്ട നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകാൻ നിർബന്ധിതരാകുന്നു.
2025-ന്റെ തുടക്കത്തിൽ 373,000-ൽ അധികം താൽക്കാലിക വിസ അപേക്ഷകൾ IRCC പരിഗണിച്ചെങ്കിലും, അപേക്ഷകൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഇപ്പോളും നിലനിൽക്കുന്നു. ഏപ്രിൽ അവസാനത്തോടെ 38% അപേക്ഷകളും തീർപ്പാക്കാതെ ശേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026-ൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് കാനഡയിലേക്ക് വരാൻ ആഗ്രഹിക്കുന്ന സന്ദർശകർക്കും, തൊഴിലാളികൾക്കും, വിദ്യാർത്ഥികൾക്കും വലിയ വെല്ലുവിളിയാകും.