ക്യൂബെക് ഗവൺമെന്റ് പെട്രോളിന്റെ അടിസ്ഥാന വില (Floor Price) എടുത്തു കളഞ്ഞെങ്കിലും ഇത് ഉപഭോക്താക്കൾക്ക് ഗുണകരമാകാൻ സാധ്യതയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് മത്സരരംഗം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് സാമ്പത്തിക മന്ത്രി ക്രിസ്റ്റീൻ ഫ്രെഷെറ്റ് പ്രഖ്യാപിച്ചു. മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് ക്യൂബെക്കിൽ ഇന്ധനവില കൂടുതലാണ്.
ഏപ്രിൽ ഒന്നിന് ഫെഡറൽ സർക്കാർ കാർബൺ ടാക്സ് നിർത്തലാക്കിയതിനെ തുടർന്ന് കാനഡയിൽ ഇന്ധനവില കുറഞ്ഞു. എന്നാൽ ക്യൂബെക്, (Cap-and-Trade) സമ്പ്രദായം തുടരുന്നതിനാൽ വില ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നു. ഒന്റാറിയോയിൽ ലിറ്ററിന് 1.21 ഡോളറായിരിക്കുമ്പോൾ ക്യൂബെക്കിൽ ഇത് 1.50 ഡോളറാണ്. 1990-കൾ മുതൽ നിലവിലുണ്ടായിരുന്ന അടിസ്ഥാന വില എടുത്തു കളഞ്ഞത് കൊണ്ട് വലിയ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. കാരണം, മിക്ക പമ്പുകളും ഇതിനകം തന്നെ ഏറ്റവും കുറഞ്ഞ വിലയേക്കാൾ കൂടുതലാണ് ഈടാക്കുന്നത്.
ഈ മാറ്റം ദോഷകരമായ വിലയിളവുകൾക്ക് (Price wars) കാരണമാകുമെന്നും ചെറിയ പമ്പുകൾക്ക് കച്ചവടം നഷ്ട്ടപ്പെടുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഇത് മത്സരത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിമർശകർ വാദിക്കുന്നു. ഇത് ക്യൂബെക്കിന്റെ പരിസ്ഥിതി നയങ്ങളെ ദുർബലപ്പെടുത്തുന്നതിന്റെ സൂചനയാണെന്നും ചില പരിസ്ഥിതി പ്രവർത്തകർ ഭയപ്പെടുന്നു. കാപ്-ആൻഡ്-ട്രേഡിന് പ്രവിശ്യാ നിയമസഭ പിന്തുണ നൽകിയെങ്കിലും കാലാവസ്ഥാ ലക്ഷ്യങ്ങളും ജീവിതച്ചെലവുകളും തമ്മിൽ എങ്ങനെ സന്തുലിതമാക്കാമെന്നതിനെക്കുറിച്ച് സംവാദം നടക്കുന്നുണ്ട്.