താങ്ങാനാവുന്ന വിലയും വീടുകളുടെ ലഭ്യതയും ഫെഡറൽ തിരഞ്ഞെടുപ്പ് ചർച്ചകളിൽ ആധിപത്യം പുലർത്തുമ്പോഴും, യുക്കോണിലെ ഒട്ടുമിക്ക വോട്ടർമാരും കാലാവസ്ഥാ വ്യതിയാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. വടക്കൻ പ്രദേശങ്ങളിൽ പരിസ്ഥിതി മാറ്റങ്ങൾ വ്യക്തമായി കാണാമെങ്കിലും തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഇവ പരിഗണിക്കപ്പെടുന്നില്ലെന്ന് വോട്ടർമാർ അഭിപ്രായപ്പെടുന്നു.
കാസ്കാവുൾഷ് മഞ്ഞുമലയുടെ ഉരുകൽ, പെർമാഫ്രോസ്റ്റ്ന്റെ ഉരുകൽ, കാട്ടുതീ, പ്രളയം എന്നിവ യുക്കോണിൽ വർധിച്ചുവരുന്നു. വൈറ്റ്ഹോഴ്സിലെ റോബർട്ട് സർവീസ് വേയിൽ 2022-ൽ സംഭവിച്ച മണ്ണിടിച്ചിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടത്തിന് കാരണമായി. ഈ മാറ്റങ്ങൾ ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത യാത്രാമാർഗങ്ങൾ, മത്സ്യബന്ധനം, ജീവിതരീതി എന്നിവയെ ഗുരുതരമായി ബാധിക്കുന്നു.
“കാലാവസ്ഥ, സമ്പദ്വ്യവസ്ഥ, സാമൂഹിക ക്ഷേമം എന്നിവ അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെ വേർതിരിച്ച് കാണാൻ കഴിയില്ല,” എന്ന് ജീവശാസ്ത്രജ്ഞയായ ക്രിസ്റ്റൽ മാന്റിക-പ്രിംഗിൾ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വ്യത്യസ്ത സമീപനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത് കൺസർവേറ്റീവുകൾ സാങ്കേതികവിദ്യയിൽ കേന്ദ്രീകരിക്കുമ്പോൾ, ഉയർന്ന മലിനീകരണം സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താൻ NDP ലക്ഷ്യമിടുന്നു, ലിബറലുകൾ വിപണി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും, ഗ്രീൻ പാർട്ടി പുനരുപയോഗ ഊർജ്ജ പദ്ധതികളിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു.