സുപ്രീംകോടതി ആൽബർട്ടയുടെ അപ്പീൽ നിരസിച്ചു
കാൽഗറി, ഏപ്രിൽ 18, 2025 കൽക്കരി ഖനന നയങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട 15 ബില്യൺ ഡോളറിലധികം തുകയുടെ കേസിൽ മുൻ എനർജി മന്ത്രി സോന്യ സാവേജിനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആൽബർട്ട സർക്കാരിന്റെ അപ്പീൽ കാനഡയുടെ സുപ്രീം കോടതി നിരസിച്ചു.
2020-ൽ, ആൽബർട്ട സർക്കാർ റോക്കി പർവ്വതങ്ങളിലെ ഈസ്റ്റേൺ സ്ലോപ്സിന്റെ ചില ഭാഗങ്ങൾ കൽക്കരി ഖനനത്തിനായി തുറന്നുകൊടുത്തു. എന്നാൽ പിന്നീട് ഈ തീരുമാനം സർക്കാർ മാറ്റുകയുണ്ടായി. ഈ നയമാറ്റം തങ്ങളുടെ നിക്ഷേപങ്ങളെ ദോഷകരമായി ബാധിച്ചുവെന്നും അവരുടെ ആസ്തികളുടെ അനീതിപരമായ നഷ്ടമാണെന്നും ചൂണ്ടിക്കാട്ടി കൽക്കരി കമ്പനികൾ 15 ബില്യൺ ഡോളറിലധികം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി ആരംഭിച്ചു.
കീഴ്ക്കോടതി ആദ്യം സോന്യ സാവേജും പരിസ്ഥിതി മന്ത്രി ജേസൺ നിക്സണും സാക്ഷി നിൽക്കേണ്ടതില്ലെന്ന് വിധിച്ചിരുന്നു എന്നാൽ പിന്നീട് ആൽബർട്ട അപ്പീൽ ഈ വിധി മറികടന്നു. സർക്കാരിന്റെ തീരുമാനങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് സോന്യ സാവേജിന് ആയതിനാൽ അവർ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇപ്പോൾ കാനഡയുടെ സുപ്രീം കോടതി ആൽബർട്ടയുടെ അപ്പീൽ പരിഗണിക്കാൻ വിസമ്മതിച്ചതോടെ, മുൻ എനർജി മന്ത്രി സോന്യ സാവേജിനെ വിചാരണയുടെ ഭാഗമായി ചോദ്യം ചെയ്യുമെന്നുറപ്പായി.
മെയ് 19-ന് കാൽഗറിയിൽ കേസ് കോടതിയിൽ പുനരാരംഭിക്കും. ഇപ്പോഴത്തെ കോടതി വിധിയനുസരിച്ച്, സോന്യ സാവേജ് സാക്ഷി മൊഴി നൽകേണ്ടി വരും.
ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് സർക്കാരിന്റെ കൽക്കരി നയത്തെ ശക്തമായി പ്രതിരോധിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വലിയ നിയമ അവകാശവാദങ്ങളിൽ നിന്ന് നികുതിദായകരെ സംരക്ഷിക്കേണ്ടതും, അതേസമയം മെറ്റലർജിക്കൽ കൽക്കരിയുടെ മൂല്യം അംഗീകരിക്കേണ്ടതും പ്രധാനമാണെന്ന് പ്രീമിയർ അഭിപ്രായപ്പെട്ടു.