അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളുടെ ഭാഗമായി Cuba, Haiti, Nicaragua, Venezuela തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള Temporary Protected Status – (TPS) റദ്ദാക്കാനുള്ള തീരുമാനത്തിനെ തുടർന്ന് കാനഡയിലേക്ക് അഭയം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ഈ സാഹചര്യത്തിൽ ഒരു ലക്ഷത്തിലധികം കുടിയേറ്റക്കാർക്ക് രാജ്യം വിടേണ്ടി വരുമെന്ന ഭീതി നിലനിൽക്കുന്നു. ഇതിനോടകം തന്നെ നിരവധി ആളുകൾ ക്യൂബെക് അതിർത്തി കടന്നു കാനഡയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നുണ്ട്. അപകടം നിറഞ്ഞ വഴികളിലൂടെ, പ്രത്യേകിച്ച് സെന്റ്-ബെർണാഡ്-ഡി-ലക്കോൾ പോലുള്ള പ്രദേശങ്ങളിലൂടെയാണ് പലരും എത്തുന്നത്. അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങളിൽ ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാനഡയിലെ അഭയാർത്ഥി അപേക്ഷകളിൽ 53% കുറവുണ്ടെങ്കിലും, വൻതോതിലുള്ള കുടിയേറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കുടിയേറ്റ അവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 250,000-ൽ അധികം കേസുകൾ കെട്ടിക്കിടക്കുന്ന കാനഡയുടെ അഭയാർത്ഥി സംവിധാനം വലിയ സമ്മർദ്ദത്തിലാണ്. നാല് വർഷമാണ് ഓരോ കേസും പരിഗണിക്കാനെടുക്കുന്ന സമയം. അഭയാർത്ഥികൾക്ക് വേണ്ടിയുള്ള എമർജൻസി ഷെൽട്ടറുകൾ നിറഞ്ഞു കവിയുകയും, 2017-ലെ അഭയാർത്ഥി പ്രവാഹത്തിന് ശേഷം മോൺട്രിയലിലെ ഒളിമ്പിക് സ്റ്റേഡിയം പോലുള്ള താൽക്കാലിക താമസ സ്ഥലങ്ങൾ വീണ്ടും അഭയാർത്ഥികൾക്കായി തുറന്നു കൊടുക്കേണ്ടി വരുന്ന സാഹചര്യമുണ്ട്.
സുരക്ഷിത രാജ്യം ഉടമ്പടി കർശനമായി നടപ്പാക്കണമെന്ന് ഫെഡറൽ ഗവൺമെന്റ് ആവശ്യപ്പെടുമ്പോൾ, കൂടുതൽ സഹായം നൽകണമെന്ന് ക്യൂബെക് അധികൃതർ ആവശ്യപ്പെടുന്നു. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. ഏപ്രിൽ 24-ന് താൽക്കാലിക സംരക്ഷണ പദവി (TPS) അവസാനിക്കാനിരിക്കെ, കാനഡ ഒരു നിർണായക ഘട്ടത്തിലാണ്. ഒരുവശത്ത് സഹാനുഭൂതിയുള്ള പാരമ്പര്യവും മറുവശത്ത് സമ്മർദ്ദത്തിലായ അഭയാർത്ഥി സംവിധാനവും രാജ്യത്തിന് വെല്ലുവിളിയാകുന്നു.