കാനഡയിലെ കുടുംബങ്ങൾക്ക് ഈ മാസം (Canada Child Benefit – CCB) നേരത്തേ ലഭിക്കും. ഏപ്രിൽ 17 വ്യാഴാഴ്ച പണം അക്കൗണ്ടുകളിൽ എത്തും. സാധാരണയായി എല്ലാ മാസവും 20-നാണ് ഈ തുക വിതരണം ചെയ്യുന്നത്. ഈസ്റ്റർ അവധിക്കാലം കണക്കിലെടുത്ത് വിതരണം നേരത്തേയാക്കാൻ തീരുമാനിക്കുകയായിരുന്നു. നികുതി രഹിത ആനുകൂല്യമായ ഇത്, കുടുംബ വരുമാനത്തെയും കുട്ടികളുടെ എണ്ണത്തെയും ആശ്രയിച്ചിരിക്കും. കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം ഇതിലൂടെ ലഭിക്കും.
ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രതിമാസം 648.91 ഡോളർ വരെ ലഭിക്കും. ആറ് വയസ്സ് മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് 547.50 ഡോളർ വരെ ലഭിക്കും. 2023-ലെ കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തുക കണക്കാക്കുന്നത്. 2024-ലെ വരുമാനം അനുസരിച്ച് 2025 ജൂലൈയിൽ ഇത് പുനർനിർണയിക്കും. നിലവിലെ വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ ഈ ധനസഹായം കുടുംബങ്ങൾക്ക് അത്യാവശ്യ ചിലവുകൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉപകാരപ്രദമാകും.
സ്ഥിരതാമസം, നികുതി അടയ്ക്കൽ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് ആനുകൂല്യം ലഭിക്കുന്നത്. പുതിയ രക്ഷിതാക്കൾക്കും, കുടിയേറ്റക്കാർക്കും, താൽക്കാലിക താമസക്കാർക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. Child Disability Benefit വാങ്ങുന്നവർക്കും, ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ പോലുള്ള പ്രവിശ്യകളിൽ താമസിക്കുന്നവർക്കും ഏപ്രിൽ 17-ന് കൂടുതൽ തുക ലഭിക്കും. പണം കൃത്യമായി ലഭിക്കാൻ CRA My Account വഴി ഡയറക്ട് ഡെപ്പോസിറ്റിനായി സൈൻ അപ്പ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.