പുതിയ Ipsos poll സർവ്വേ ഫലമനുസരിച്ച് കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ മുന്നേറ്റത്തിന് ആദ്യമായി ഇടിവ് സംഭവിച്ചു. ക്യാമ്പയിൻ ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ലിബറൽ പാർട്ടിക്ക് ഇത്തരമൊരു തിരിച്ചടിയുണ്ടാകുന്നത്. നിലവിൽ ലിബറൽ പാർട്ടിക്ക് 42% പിന്തുണയാണുള്ളത്. കഴിഞ്ഞ ആഴ്ചത്തേക്കാൾ ഇത് 4% കുറവാണ്. അതേസമയം കൺസർവേറ്റീവ് പാർട്ടി 2% മുന്നേറ്റം നടത്തി 36% പിന്തുണ നേടിയിട്ടുണ്ട്. ലിബറൽ നേതാവ് മാർക്ക് കാർണിയും പിയറി പോളിവേറും തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനായി ശക്തമായ മത്സരത്തിനിറങ്ങുന്ന മോൺട്രിയലിലെ സംവാദത്തിന് തൊട്ടുമുൻപാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത്.
പൊതുജനാഭിപ്രായത്തിൽ പ്രധാന വിഷയങ്ങളിലും, നേതൃത്വത്തിൻ്റെ കഴിവുകളിലുമുള്ള കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാർണിക്ക് നേരിയ മുൻതൂക്കമുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ജനപ്രീതി കുറഞ്ഞുവരുന്നു. സാമ്പത്തിക വിഷയങ്ങളിലും അമേരിക്കയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്ന കാര്യത്തിലും പോളിവേർ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. ട്രംപിൻ്റെ ഭരണത്തിൻ കീഴിലുള്ള വ്യാപാര ആശങ്കകളടക്കമുള്ള വിഷയങ്ങളിൽ പോളിവേറിൻ്റെ അഭിപ്രായങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഇതിനിടയിൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണ കുറഞ്ഞുവരികയാണ്. വോട്ടർമാരുടെ അതൃപ്തി വർധിച്ചുവരുന്നു. 56% കനേഡിയക്കാരും ഭരണത്തിൽ മാറ്റം ആഗ്രഹിക്കുന്നു. ജീവിതച്ചെലവ് താങ്ങാൻ കഴിയാത്ത സാഹചര്യവും, സാമ്പത്തിക പ്രശ്നങ്ങളുമാണ് പ്രധാന പ്രചാരണ വിഷയങ്ങൾ. കൂടുതൽ വോട്ടർമാരും പാർട്ടിയുടെ വാഗ്ദാനങ്ങളിൽ ആകർഷിക്കപ്പെടുന്നു. അതുപോലെ മാറ്റം ആഗ്രഹിക്കുന്നവരുടെ എണ്ണവും വർധിച്ചു വരുന്നു.