കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള വ്യാപാര സംഘർഷത്തിന്റെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി ആഭ്യന്തര ഓട്ടോമൊബൈൽ നിർമ്മാതാക്കൾക്കും തെരഞ്ഞെടുത്ത വ്യവസായങ്ങൾക്കും യു.എസ് ഇറക്കുമതികളിൽ ഭാഗിക താരിഫ് ഇളവുകൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് ട്രംപിന്റെ ഭരണകാലത്ത് സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈലുകൾ എന്നിവയിൽ യു.എസ് ഏർപ്പെടുത്തിയ നികുതികളോടുള്ള പ്രതികരണമായി കാനഡ ഏർപ്പെടുത്തിയ പ്രതികാര നികുതികളുടെ ഇളവാണിത്. തുടർന്നുള്ള പ്രാദേശിക ഉൽപാദനവും നിക്ഷേപവും പോലുള്ള നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന വ്യവസായങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുക.
കാനഡയിൽ പ്രവർത്തനങ്ങൾ നിലനിർത്തുന്ന ഓട്ടോമൊബൈൽ നിർമ്മാതാക്കൾ 25% ഇറക്കുമതി താരിഫിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും, എന്നാൽ ഈ നിബന്ധനകൾ പാലിക്കാത്തവർ പിഴകൾ നേരിടുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി ഊന്നിപ്പറഞ്ഞു. “കാനഡയിലെ നിക്ഷേപവും തൊഴിലും സംരക്ഷിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉറപ്പുള്ളതാണ്. വ്യവസായങ്ങൾക്ക് വേണ്ട പിന്തുണ നൽകുന്നതിനൊപ്പം, വ്യാപാര തർക്കങ്ങളിൽ നിന്ന് കാനഡയിലെ കമ്പനികളെയും തൊഴിലാളികളെയും രക്ഷിക്കാൻ വേണ്ട എല്ലാ നടപടികളും ഞങ്ങൾ എടുക്കും.,” എന്ന് അദ്ദേഹം പ്രസ്താവിച്ചു.
കൂടാതെ, കാനഡയിലെ നിർമ്മാണം, ഭക്ഷ്യ പാക്കേജിംഗ്, ആരോഗ്യ പരിപാലനം, ദേശീയ സുരക്ഷ എന്നിവയ്ക്ക് അത്യാവശ്യമായ യു.എസ് ഇറക്കുമതികൾക്ക് സർക്കാർ ആറുമാസത്തെ താരിഫ് ഇളവും അനുവദിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന വ്യാപാര സംഘർഷത്തിന്റെ ഫലമായി തൊഴിൽ നഷ്ടവും ലാഭത്തിലുണ്ടാകുന്ന കുറവും സംബന്ധിച്ച് വ്യവസായ സംഘടനകളിൽ നിന്നുള്ള ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഈ നയം നിലവിൽ വരുന്നത്. വ്യാപാര പ്രതികാരവും സാമ്പത്തിക സ്ഥിരതയും തമ്മിൽ ഒരു സന്തുലനം കണ്ടെത്താൻ കാനഡ സർക്കാർ ശ്രമിക്കുന്നതായി തോന്നുന്നു.