കാനഡയിലെ മെഡിക്കൽ അസോസിയേഷൻ ജേണൽ (CMAJ) ഏകദേശം രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം കുട്ടികളിലെയും കൗമാരക്കാരിലെയും പൊണ്ണത്തടിക്കുള്ള പുതിയ ചികിത്സാ മാർഗ്ഗരേഖകൾ പുറത്തിറക്കി. കാലങ്ങളായി പിന്തുടർന്ന് വന്ന “കുറച്ച് കഴിക്കുക, കൂടുതൽ വ്യായാമം ചെയ്യുക” എന്ന ചിന്താഗതിയിൽ നിന്ന് മാറി, പൊണ്ണത്തടിയെ സങ്കീർണ്ണമായ, വിട്ടുമാറാത്ത രോഗമായി കണ്ട് വ്യക്തിഗത പരിചരണത്തിനും, നേരത്തെയുള്ള കുടുംബ കേന്ദ്രീകൃത ഇടപെടലുകൾക്കും പുതിയ മാർഗ്ഗരേഖ ഊന്നൽ നൽകുന്നു.
ഒബിസിറ്റി കാനഡയുമായി സഹകരിച്ച് വികസിപ്പിച്ച ഈ മാർഗ്ഗരേഖകൾ മാനസികാരോഗ്യം, ജീവിത നിലവാരം, ഭാരം കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ യുവജനങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. “പൊണ്ണത്തടി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഇപ്പോൾ നന്നായി മനസ്സിലാക്കാൻ കഴിയും,” ഒബിസിറ്റി കാനഡയിലെ ഇയാൻ പാറ്റൺ പറഞ്ഞു. “സമയബന്ധിതമായ പരിചരണത്തിനും നേരത്തെയുള്ള ഇടപെടലിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.”
ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിനൊപ്പം, GLP-1 മരുന്നുകൾ (Ozempic, Wegovy ഉൾപ്പെടെ), ബാരിയാട്രിക് ശസ്ത്രക്രിയ തുടങ്ങിയ ചികിത്സാരീതികളും മാർഗ്ഗരേഖകൾ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, അത്തരം ചികിത്സാരീതികൾ ശ്രദ്ധാപൂർവ്വം പരിഗണിക്കണമെന്നും എല്ലാവർക്കും ഒരുപോലെ ബാധകമാക്കരുതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പൊണ്ണത്തടിക്ക് കാരണമാകുന്ന ജനിതകപരമായതും നാഡീപരമായതുമായ ഘടകങ്ങളെക്കുറിച്ച് പുതിയ മാർഗ്ഗരേഖയിൽ വിദഗ്ദ്ധർ ഊന്നിപ്പറയുന്നു. “പൊണ്ണത്തടിയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്രമായ പരിചരണം ലഭിക്കേണ്ടതുണ്ട്,” ഡോ. സഞ്ജീവ് സോക്കലിംഗം പറഞ്ഞു. “ഇതിന് ഒറ്റമൂലികളില്ല, പക്ഷേ നിരവധി ചികിത്സാമാർഗ്ഗങ്ങളുണ്ട്.”