തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, ലിബറൽ നേതാവ് പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെതിരെ കൺസർവേറ്റിവ് നേതാവിന്റെ രൂക്ഷ വിമർശനം
ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ആഴ്ച ലിബറൽ നേതാവ് മാർക്ക് കാർണി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ അവസാനിപ്പിച്ചതിന് കൺസർവേറ്റിവ് നേതാവ് പിയറെ പോയ്ലിവ്റിൽ നിന്ന് കടുത്ത വിമർശനം ഉയർന്നു. 18 വയസ്സിൽ താഴെയുള്ള യുവജനങ്ങൾക്ക് കാനഡയിലെ ദേശീയ ഗാലറികളിലും മ്യൂസിയങ്ങളിലും സൗജന്യ പ്രവേശനം നൽകുമെന്ന് ശനിയാഴ്ച കാർണി പ്രഖ്യാപിച്ചെങ്കിലും, തുടർച്ചയായ രണ്ടാം ദിവസവും പൊതുപരിപാടികളൊന്നും അദ്ദേഹം നടത്തിയില്ല.
വെള്ളിയാഴ്ച കാർണി തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ച് ഒട്ടാവയിൽ കാനഡ-യു.എസ് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തി. ആഗോള വ്യാപാരയുദ്ധത്തെക്കുറിച്ചായിരുന്നു ചർച്ച. യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അദ്ദേഹം വിസമ്മതിച്ചു. ഇതേതുടർന്ന് പൊതുജന നിരീക്ഷണം മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന് പോയ്ലിവ്ർ കാർണിയെ കുറ്റപ്പെടുത്തി.
“മാർക്ക് കാർണി ഇന്നും ഇന്നലെയും ഒളിവിലാണ്,” എന്ന് പോയ്ലിവ്ർ ശനിയാഴ്ച കാർണി മത്സരിക്കുന്ന നെപ്പിയൻ, ഒന്റാരിയോയിൽ നടത്തിയ പ്രചാരണത്തിനിടെ പറഞ്ഞു. “ലിബറൽ പാർട്ടിയുടെ നഷ്ടപ്പെട്ട ദശാബ്ദത്തിന് അദ്ദേഹം ഉത്തരം നൽകാൻ ആഗ്രഹിക്കുന്നില്ല. ഭവന ചെലവുകൾ ഇരട്ടിയായതും, ചരിത്രത്തിൽ ആദ്യമായി യുവാക്കൾക്ക് കാനഡയിൽ താമസിക്കാൻ ഒരിടം വാങ്ങാൻ കഴിയാത്ത അവസ്ഥയും കാനഡക്കാർ മറക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.”
കാർണിയുടെ സ്വകാര്യമേഖലയുമായുള്ള മുൻ ബന്ധങ്ങളെക്കുറിച്ചും പോയ്ലിവ്ർ വിമർശനമുന്നയിച്ചു. കാർണി ബ്രൂക്ഫീൽഡ് എന്ന വലിയ കമ്പനിയുടെ ചെയർമാൻ ആയിരുന്നപ്പോൾ, ആ സ്ഥാനം വഴി കോടിക്കണക്കിന് ഡോളർ സമ്പാദിച്ചിട്ടുണ്ടെന്നും, ഈ പണവും ബന്ധങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നുമാണ് പോയ്ലിവ്ർ ആരോപിക്കുന്നത്. ഈ വർഷം ആദ്യം ആ സ്ഥാനം രാജിവെച്ച കാർണി, ഈ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കുകയാണെന്നും പോയ്ലിവ്ർ കുറ്റപ്പെടുത്തി.
കാർണി പ്രചാരണ വേദികളിൽ നിന്ന് വിട്ടുനിന്നെങ്കിലും, ശനിയാഴ്ച നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി അദ്ദേഹം സംസാരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു. യുക്രെയ്നിനുള്ള പിന്തുണ, യൂറോ-അറ്റ്ലാന്റിക് സുരക്ഷ ശക്തിപ്പെടുത്തൽ, പ്രതിരോധ-നവീകരണ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. നാറ്റോയോടുള്ള കാനഡയുടെ പ്രതിബദ്ധത കർണി ആവർത്തിച്ചുറപ്പിച്ചു. അന്താരാഷ്ട്ര സംഘർഷങ്ങൾ നയരൂപീകരണത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടുത്ത ബന്ധം നിലനിർത്താൻ ഇരുവരും സമ്മതിച്ചു