15 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു
മ്യാന്മാറിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിന് ആദ്യ സഹായവുമായി ഇന്ത്യ. ‘ഓപ്പറേഷൻ ബ്രഹ്മ’യുടെ ഭാഗമായി, 15 ടൺ അവശ്യ സഹായ സാമഗ്രികൾ വഹിച്ച ഒരു ഇന്ത്യൻ വ്യോമസേനാ വിമാനം ഇന്ന് രാവിലെ യാംഗോണിൽ ഇറങ്ങി, ഇന്ത്യയുടെ അയൽരാജ്യത്തിനോടുള്ള മനുഷ്യത്വപരമായ സഹായത്തിന്റെ ആദ്യഘട്ടം അടയാളപ്പെടുത്തി. കൂടുതൽ സഹായ കപ്പലുകൾ പിന്നാലെ എത്തുമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ രൺധീർ ജയ്സ്വാൾ, ദുരിതാശ്വാസ പാക്കേജിൽ ടെൻറ്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, കമ്പിളികൾ, ഭക്ഷണ പാക്കറ്റുകൾ, ശുചിത്വ കിറ്റുകൾ, ജനറേറ്ററുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ തുടങ്ങിയ അവശ്യ മരുന്നുകൾ എന്നിവ ഉൾപ്പെടുന്നതായി സ്ഥിരീകരിച്ചു.ഭവനരഹിതരായി മാറിയ ആയിരക്കണക്കിന് അതിജീവിതർക്ക് ഉടൻ ആശ്വാസവും വൈദ്യസഹായവും നൽകുകയാണ് ഈ സപ്ലൈകളുടെ ലക്ഷ്യം എന്നും അദ്ദേഹം വ്യതമാക്കി.
മ്യാന്മാറിലും അയൽ രാജ്യമായ തായ്ലൻഡിന്റെ ഭാഗങ്ങളിലും ആഘാതമേറ്റ ഭൂകമ്പങ്ങൾ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി, കെട്ടിടങ്ങൾ തകർന്ന് ഒട്ടനവധി കുടുംബങ്ങൾ ഭവനരഹിതരാവുകയും ചെയ്തു. മ്യാന്മാറിന്റെ സൈനിക സർക്കാർ 694 പേരുടെ മരണവും 1,670-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തു.മ്യാന്മാറിന്റെ സഹായാഭ്യർത്ഥനയെ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വേഗത്തിലുള്ള ഈ പ്രതികരണം മേഖലയിലെ മനുഷ്യത്വപരമായ പ്രവർത്തനങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, ബാധിക്കപ്പെട്ട ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.