മോൺട്രിയലിൽ നടന്ന ആദ്യ ഫ്രഞ്ച് ഭാഷാ ഫെഡറൽ നേതാക്കളുടെ സംവാദത്തിൽ, ലിബറൽ നേതാവ് മാർക്ക് കാർണിയും കൺസർവേറ്റീവ് നേതാവ് പിയറി പോലിവ്രെയും പുതിയ എണ്ണ, വാതക പൈപ്പ്ലൈനുകൾ നിർമ്മിക്കുന്നതിന് പിന്തുണ പ്രകടിപ്പിച്ചു. നിലവിൽ കനേഡിയൻ ഊർജ്ജ മാർഗ്ഗങ്ങൾ യുഎസിലൂടെയാണ് കടന്നുപോകുന്നത് എന്നത് ദേശീയ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നതായി അവർ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിലുള്ള യുഎസിനെ ആശ്രയിക്കുന്നതിനെ പോലിവ്രെ വിമർശിക്കുകയും ഊർജ്ജ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഒരു ദേശീയ പൈപ്പ്ലൈൻ നിർമ്മിക്കണമെന്ന് വാദിക്കുകയും ചെയ്തു. അദ്ദേഹം പൈപ്പ്ലൈനുകൾക്ക് സബ്സിഡി നൽകില്ലെന്ന് പറയുകയും. അമിതമായ ഉദ്യോഗസ്ഥ നടപടി ക്രമങ്ങൾ മൂലമാണ് ഉയർന്ന ചെലവുണ്ടാകുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കാർണിയും ഇതിനോട് യോജിച്ചു കൊണ്ട് യുഎസിനെ ഊർജ്ജത്തിന് ആശ്രയിക്കുന്നത് സുരക്ഷാ പ്രശ്നമാണെന്ന് പറഞ്ഞു, കൂടാതെ അദ്ദേഹം കനഡയിലെ പ്രീമിയർമാരുമായി ഒരു ദേശീയ ഊർജ്ജ ഇടനാഴിയെക്കുറിച്ച് ചർച്ച ചെയ്തതായും അറിയിച്ചു.
ബ്ലോക് ക്യൂബെകോയിസ് നേതാവ് ഇവ്സ്-ഫ്രാൻസ്വാ ബ്ലാൻഷെ ഇതിനെ എതിർത്തു, കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് കാനഡ എണ്ണയുടെയും വാതകത്തിന്റെയും ഉപയോഗം കുറയ്ക്കണമെന്ന് വാദിച്ചു, കൂടാതെ നിർദ്ദേശിക്കപ്പെട്ട പൈപ്പ്ലൈനുകളുടെ ഉയർന്ന ചെലവുകളെ വിമർശിച്ചു. എൻഡിപി നേതാവ് ജഗ്മീത് സിംഗ് വിഭവ വികസനത്തിനു പകരം സാമൂഹിക നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, കൂടുതൽ ശക്തമായ ആരോഗ്യ സംരക്ഷണവും സാംസ്കാരിക സംരക്ഷണവും അദ്ദേഹം എടുത്തു പറഞ്ഞു.
ഡൊണാൾഡ് ട്രംപ്, യുഎസ് താരിഫുകൾ, നിലവിലുള്ള കാനഡ-യുഎസ് വ്യാപാര യുദ്ധം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ സംവാദത്തിൽ പ്രധാനമായി ഉയർന്നുവന്നു. ട്രംപുമായി ചർച്ച നടത്തുമെന്നും കാനഡയുടെ വിഭവങ്ങൾ അൺലോക്ക് ചെയ്യുമെന്നും പോലിവ്രെ വാഗ്ദാനം ചെയ്തു. കാനഡ ഏറ്റവും മോശം സാഹചര്യത്തെ തയ്യാറെടുക്കണമെന്നും വ്യാപാരം വൈവിധ്യവൽക്കരിക്കണമെന്നും സാമ്പത്തിക ശക്തി പ്രദർശിപ്പിക്കണമെന്നും കാർണി പറഞ്ഞു. ട്രംപിന്റെ താരിഫുകളാൽ ബാധിക്കപ്പെട്ട മറ്റ് രാജ്യങ്ങളുമായി സഖ്യം ചേരണമെന്ന് ബ്ലാൻഷെ നിർദ്ദേശിച്ചു. സിംഗ് ആരോഗ്യ സംരക്ഷണം, കൃഷി തുടങ്ങിയ പ്രാദേശിക മുൻഗണനകളിലുള്ള നിക്ഷേപത്തിന് ഊന്നൽ നൽകി.