ന്യൂ ബ്രൺസ്വിക്ക് പവർ ജീവനക്കാർക്കെതിരെ വർധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ സംയമനം പാലിക്കണമെന്ന് അഭ്യർഥിച്ചു. ജീവനക്കാർക്ക് നേരെ ഭീഷണിയുണ്ടെന്നും, ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും NB പവർ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ ജീവനക്കാർക്കെതിരെ ഭീഷണികൾ വർധിച്ചു വരുന്നതായി അവർ കൂട്ടിച്ചേർത്തു.
വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത്. NB പവർ ജീവനക്കാർ കമ്പനി വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും, പൊതുസ്ഥലങ്ങളിൽ കാണുമ്പോഴും പോലും ചിലർ അവരെ ശല്യപ്പെടുത്തുന്നതായി മുഖ്യമന്ത്രി സൂസൻ ഹോൾട്ട് പറഞ്ഞു. വൈദ്യുതി നിരക്ക് വർധന സാധാരണക്കാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അംഗീകരിക്കുന്നു. എന്നാൽ അതിന്റെ പേരിൽ ജീവനക്കാരെ ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. NB പവറിന്റെ കടബാധ്യതയും അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കാൻ പ്രവിശ്യാ സർക്കാർ കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്നും സൂചനയുണ്ട്.
ഏപ്രിൽ 1-ന് ന്യൂ ബ്രൺസ്വിക്കിലെ വൈദ്യുതി നിരക്കുകൾ 9.7% വർധിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ഇത്രയധികം നിരക്ക് വർധനവ് ഉണ്ടാകുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാന നിയമങ്ങൾ പാലിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിരക്ക് വർദ്ധിപ്പിക്കേണ്ടി വന്നതെന്ന് NB പവർ സിഇഒ ലോറി ക്ലാർക്ക് വിശദീകരിച്ചു. ഉപഭോക്താക്കൾക്ക് ഇത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ട സേവനം നൽകുന്നതിന് ഇത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.