മലപ്പുറത്തുള്ള പെരിന്തൽമണ്ണയിൽ നിന്ന് വന്ന വിഗ്നേഷ് പുത്തൂർ എന്ന മലയാളി യുവാവ് ഇന്ന് ഐപിഎൽ-ലൂടെ ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യൻസ് ടീമിലേക്കാണ് അവൻ എത്തിയത്, അതും കേരള സീനിയർ ടീമിൽ പോലും അവസരം കിട്ടാതെ!
വളരെ സാധാരണ കുടുംബത്തിൽ നിന്നാണ് വിഗ്നേഷ് വന്നത് – അച്ഛൻ ഓട്ടോറിക്ഷാ ഡ്രൈവറും അമ്മ ഗ്രഹനാഥയുമാണ്. പഠനം സർക്കാർ സ്കൂളിലും കോളേജിലും.അതോടൊപ്പം ക്രിക്കറ്റിനോടുള്ള ഇഷ്ടവും കഠിന പരിശീലനവുമാണ് വിഗ്നേഷിനെ ഇന്നത്തെ സ്ഥാനത്തേക്കെത്തിച്ചത്.

2025 ഐപിഎൽ ലേലത്തിൽ 30 ലക്ഷം രൂപക്കാണ് വിഗ്നേഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ടീമിന്റെ വിശ്വാസം അസാധാരണമാക്കി മാറ്റിയത് മാർച്ച് 23-നായിരുന്നു – ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആദ്യ മത്സരത്തിൽ 3 വിക്കറ്റ്! അതും രുതുരാജ് ഗൈക്വാഡ്, ശിവം ദുബെ, ദീപക് ഹൂഡ തുടങ്ങിയ താരങ്ങളെ വെട്ടിച്ചു! അന്ന് മത്സരശേഷം എം.എസ്. ധോണിയും അദ്ദേഹത്തെ അഭിനന്ദിച്ചു.

അടുത്ത മത്സരത്തിൽ അവസരം നഷ്ടമായി. പക്ഷേ, ഏപ്രിൽ 4-ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ വീണ്ടും കളത്തിൽ എത്തിയപ്പോൾ വീണ്ടും മികച്ച പ്രകടനം.
വിഗ്നേഷിന്റെ സ്പിൻ ബൗളിംഗ് വളരെ വ്യത്യസ്തമാണ് – ‘ഇടത് കൈ ചൈനാമാൻ‘ എന്ന അപൂർവ ശൈലി. ബാറ്റ്സ്മാന്മാരെ ഇളക്കിമറിക്കുന്ന ഗൂഗ്ലികളും കൃത്യതയും അവന്റെ ശക്തിയാണ്.

ഇതുവരെ കളിച്ച മത്സരങ്ങളിൽ 5 വിക്കറ്റുകൾ നേടിയിട്ടുണ്ട് – അതും കേരളത്തിലെ ഏത് ബൗളറെക്കാളും വേഗത്തിൽ! മുംബൈ ഇന്ത്യൻസ് ടീം ഉടമ നിത അംബാനിയെ കണ്ടപ്പോൾ നന്ദി പറയാനും വിഗ്നേഷ് മറന്നില്ല.
ഇതൊക്കെ വെറും തുടക്കമാണ്. വിഗ്നേഷ് ഇനി ഇന്ത്യൻ ടീമിലേക്കും എത്തുമെന്നുള്ള വിശ്വാസത്തിലാണ് മലയാളികൾ!
നമ്മുടെ സ്വന്തം വിഗ്നേഷിന് ആശംസകൾ.