കനഡയിലെ പ്രമുഖ മക്ഗിൽ സർവകലാശാല കാമ്പസിൽ നടന്ന മൂന്ന് ദിവസത്തെ പാലസ്തീൻ അനുകൂല പ്രതിഷേധത്തെ തുടർന്ന് സർവകലാശാല വിദ്യാർത്ഥി യൂണിയനായ സ്റ്റുഡന്റ്സ് സൊസൈറ്റി ഓഫ് മക്ഗിൽ യൂണിവേഴ്സിറ്റി (എസ്എസ്എംയു) യുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു. പ്രതിഷേധത്തിനിടെ ഉണ്ടായ നാശനഷ്ടങ്ങൾ, ക്ലാസ്റൂം തടസ്സങ്ങൾ, സുരക്ഷാ ഭീഷണികൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. അംഗീകരിക്കപ്പെടാത്ത പ്രതിഷേധ ഗ്രൂപ്പുകളിൽ നിന്ന് അകലം പാലിക്കാത്തതിന് സർവകലാശാല എസ്എസ്എംയുവിനെ വിമർശിച്ചു.
20,000-ലധികം വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്നതും അത്യാവശ്യ സേവനങ്ങൾ നൽകുന്നതുമായ എസ്എസ്എംയു, പ്രതിഷേധം വിദ്യാർത്ഥികൾ നയിച്ചതാണെന്നും സമാധാനപരമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിച്ചതെന്നും അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിഡന്റ് ഡിമെട്രി ടെയ്ലർ അംഗീകരിച്ചെങ്കിലും, അത്തരം പ്രവർത്തനങ്ങൾ എസ്എസ്എംയു അംഗീകരിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. മക്ഗിലും എസ്എസ്എംയുവും തമ്മിലുള്ള മധ്യസ്ഥത ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ചിലപ്പോൾ അത് ജൂൺ വരെ നീണ്ടു പോയേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പാലസ്തീനെ പിന്തുണക്കുന്ന ഗ്രൂപ്പുകളും ചില വിദ്യാർത്ഥികളും മക്ഗിലിന്റെ പ്രതികരണത്തെ ആശയ സ്വാതന്ത്ര്യത്തെയും ജനാധിപത്യപരമായ അഭിപ്രായ പ്രകടനത്തെയും അടിച്ചമർത്തലായി വിമർശിച്ചിട്ടുണ്ട്. 2023 മുതൽ മക്ഗിലിൽ നടക്കുന്ന പാലസ്തീൻ അനുകൂല പ്രവർത്തനങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഇതിൽ കാമ്പസിലെ ദീർഘകാല സമരവും നയപരമായ തർക്കങ്ങളും ഉൾപ്പെടുന്നു.
സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇരു കക്ഷികളും മധ്യസ്ഥതയിൽ ഏർപ്പെടാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമവായത്തിലെത്താൻ കഴിയുമോ എന്നത് ഇനിയും കാത്തിരുന്ന് കാണേണ്ടതുണ്ട്.