കുടിയേറ്റക്കാരെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ ഹെയ്തിയൻ സമൂഹവും രാഷ്ട്രീയ പ്രതിപക്ഷവും രംഗത്ത്;
റേഡിയോ-കാനഡയുമായുള്ള അഭിമുഖത്തിനിടെ അഭയാർത്ഥികളെ സ്വീകരിക്കാനുള്ള പ്രവിശ്യയുടെ ശേഷിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്ന് ക്യുബെക്കിന്റെ കുടിയേറ്റ മന്ത്രി ഷോൺ-ഫ്രാൻസ്വാ റോബർജ് വിമർശനങ്ങൾ നേരിടുകയാണ്. സെന്റ്-ബെർണാർഡ്-ഡി-ലാകോൾ അതിർത്തിയിൽ അടുത്തിടെയുണ്ടായ കുടിയേറ്റക്കാരുടെ വർധനവിനെക്കുറിച്ച് സംസാരിക്കുമ്പോൾ, “കാനഡ സ്വാഗതാർഹമായ രാജ്യമാണെങ്കിലും, ലോകത്തിന്റെ എല്ലാ ദുരിതങ്ങളും നമുക്ക് ഏറ്റെടുക്കാനാവില്ല” എന്ന് റോബർജ് പ്രസ്താവിച്ചു. അമേരിക്കയിലെയും, ഉക്രെയ്നിലെയും, പാലസ്തീനിലെയും പ്രതിസന്ധികളെ ആഗോള പ്രശ്നങ്ങളുടെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുകയും, പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള ക്യുബെക്കിന്റെ കഴിവ് പരിമിതമാണെന്ന് പറയുകയും ചെയ്തു.
ഹെയ്തിയൻ സമൂഹം ഈ പ്രസ്താവനകളോട് രോഷത്തോടെയാണ് പ്രതികരിച്ചത്. നിലവിൽ ക്യൂബെക്കിൽ അഭയം തേടുന്ന കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഡൊണാൾഡ് ട്രംപിന് കീഴിലുള്ള നയ മാറ്റങ്ങളെത്തുടർന്ന് നാടുകടത്തൽ ഭയന്ന് അമേരിക്കയിൽ നിന്ന് പലായനം ചെയ്യുന്ന ഹെയ്തിയൻ വംശജരാണ്. ദീർഘകാലമായി ക്യുബെക്കിൽ താമസിക്കുന്ന ഹെയ്തിയൻ കുടിയേറ്റക്കാരനും ഷെഫുമായ പോൾ ടൂസെയിന്റ് നിരാശ പ്രകടിപ്പിച്ചു. പ്രവിശ്യയുടെ സമ്പത്ത് വ്യവസ്ഥയ്ക്കും സംസ്കാരത്തിനും ഗണ്യമായി സംഭാവന നൽകുന്ന ഒരു സമൂഹത്തിനെതിരായ ആക്രമണമായി ആ പരാമർശങ്ങൾ തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ ക്യൂബെക്കിൽ ഒരു മില്യൺ ഡോളർ നിക്ഷേപിച്ചു… ഞങ്ങൾ അവരെ വളരെയധികം സഹായിക്കുന്നു, ഞങ്ങൾ ക്യുബെക്കിനെ വളരെയധികം പിന്തുണയ്ക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
ക്യുബെക്-യു.എസ് അതിർത്തിയിൽ അഭയാർത്ഥി അപേക്ഷകൾ അടുത്ത മാസങ്ങളിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും, കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ കണക്ക് അനുസരിച്ച് 2025-ൽ ആകെയുള്ള എണ്ണം കഴിഞ്ഞ വർഷത്തെ അതേ കാലയളവിനേക്കാൾ കുറവാണ്. എന്നിരുന്നാലും, ബുധനാഴ്ച റോബർജ് തന്റെ നിലപാട് ന്യായീകരിച്ചു. പ്രവിശ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ—ഭവനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ—അതിർത്തിക്ക് തെക്കുള്ള തീരുമാനങ്ങൾ മൂലം പ്രത്യേകിച്ച് കൂടുതൽ വർധനവുകൾ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ സമൂഹ നേതാക്കളിൽ നിന്നു മാത്രമല്ല, പ്രതിപക്ഷ കക്ഷികളിൽ നിന്നും വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
ക്യൂബെക് സോളിഡെയറിന്റെ കുടിയേറ്റ വിമർശകനായ ഗിയോം ക്ലിഷെ-റിവാർഡ്, പ്രത്യേകിച്ച് യുദ്ധത്തിൽ നിന്നും പീഢനത്തിൽ നിന്നും രക്ഷപ്പെടുന്ന സ്ത്രീകളും കുട്ടികളുമാണ് പല കുടിയേറ്റക്കാരും എന്ന കാര്യം പരിഗണിക്കുമ്പോൾ ഈ പരാമർശങ്ങൾ സഹാനുഭൂതി ഇല്ലാത്തതാണെന്ന് പറഞ്ഞു. കാനഡയിലുടനീളം കൂടുതൽ ന്യായമായ അഭയാർത്ഥി വ്യവസ്ഥയുടെ ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു, എന്നാൽ റോബർജും പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ടും ഉപയോഗിച്ച ശൈലിയെ അപലപിച്ചു. പാർട്ടി ക്യുബെക്കോയിസ് സംഭാഷണരീതിയെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ചെങ്കിലും പൊതു സേവനങ്ങളിലുള്ള സമ്മർദ്ദത്തെക്കുറിച്ചുള്ള സന്ദേശത്തെ പിന്തുണച്ചു. രാഷ്ട്രീയ സമ്മർദ്ദം വർധിക്കുന്നതിനിടെ, ക്യുബെക്കിന്റെ കുടിയേറ്റ സംഭാഷണത്തിൽ മാനുഷിക ഉത്തരവാദിത്തങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വളരുന്ന സംഘർഷം ഈ ചർച്ച എടുത്തുകാണിക്കുന്നു