റോജേഴ്സ് കമ്മ്യൂണിക്കേഷൻസ് നാഷണൽ ഹോക്കി ലീഗുമായി (NHL) 11 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന 12 വർഷത്തെ മീഡിയ അവകാശ കരാറിൽ ഒപ്പ് വെച്ചിരിക്കുന്നു. ഈ കരാർ വഴി കാനഡയിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും NHL കളികൾ സംപ്രേഷണം ചെയ്യുന്നതിനുള്ള പ്രത്യേക അവകാശം കമ്പനിക്ക് ലഭിച്ചു. 2026 സീസണിൽ ആരംഭിക്കുന്ന ഈ കരാർ, 2013-ൽ ഒപ്പുവച്ച റോജേഴ്സിന്റെ നിലവിലെ 12 വർഷ കരാറിന്റെ പുതുക്കൽ കൂടി ആയിരിക്കും.
ഇതോടെ,റോജേഴ്സ് സ്പോർട്സ് ബ്രോഡ്കാസ്റ്റിങ്ങിലുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയാണ്. കാനഡയുടെ ടെലികോം മേഖലയിലെ വർധിച്ചുവരുന്ന മത്സരത്തിനിടയിൽ വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന തന്ത്രമായാണ് കമ്പനി ഇതിനെ കാണുന്നത്. ടിവി, ഡിജിറ്റൽ, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉൾപ്പെടുന്ന ഈ കരാർ, എല്ലാ ഭാഷകളിലും സ്റ്റാൻലി കപ്പ് ഫൈനൽ ഉൾപ്പെടെയുള്ള എല്ലാ ദേശീയ NHL കളികളുടെയും പ്രത്യേക അവകാശങ്ങൾ റോജേഴ്സിന് നൽകുന്നു. കൂടുതൽ തത്സമയ കളികളും കുറവ് പ്രാദേശിക ബ്ലാക്ക്ഔട്ടുകളും കാഴ്ചക്കാർക്ക് വാഗ്ദാനം ചെയ്യുന്നു.
“സ്പോർട്സ് ഞങ്ങളുടെ കമ്പനിയുടെ പ്രധാന ഭാഗമാണ്, കാനഡയിലെ ഏറ്റവും വിലപ്പെട്ട സ്പോർട്സ് അവകാശങ്ങളാണ് ഇവ,” കരാറിന്റെ തന്ത്രപരമായ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് റോജേഴ്സ് സിഇഒ ടോണി സ്റ്റാഫിയറി പറഞ്ഞു.
കഴിഞ്ഞ വർഷം, റോജേഴ്സ് കമ്പനി മേപ്പിൾ ലീഫ് സ്പോർട്സ് & എന്റർടെയ്ൻമെന്റിലെ ബെല്ലിന്റെ ഓഹരി 4.7 ബില്യൺ കനേഡിയൻ ഡോളറിന് ഏറ്റെടുക്കാനുള്ള കരാർ ഒപ്പുവച്ചിരുന്നു. ഇതുവഴി ടൊറന്റോ മേപ്പിൾ ലീഫ്സ്, ടൊറന്റോ റാപ്റ്റേഴ്സ് എന്നിവയുടെ പ്രധാന സ്ഥാപനത്തിന്റെ ഭൂരിപക്ഷ ഉടമയായി കമ്പനി മാറി. പുതിയ NHL കരാർ കാനഡയൻ സ്പോർട്സ് മീഡിയ മേഖലയിൽ റോജേഴ്സിന്റെ ആധിപത്യം കൂടുതൽ ഉറപ്പിക്കുന്നു.