പ്രമുഖ ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഷീനും ടെമുവും ഏപ്രിൽ 25, 2025 മുതൽ ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്.പ്രസിഡന്റ് ട്രംപിന്റെ പുതിയ നിരക്ക് വർധനവുകളുടെയും വ്യാപാര നിയമങ്ങളുടെയും കാരണമായാണ് കമ്പനികൾ വില വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. കളിപ്പാട്ടങ്ങൾ മുതൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ വരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന ഈ കമ്പനികൾ, ആഗോള വ്യാപാര നിയമങ്ങളിലും താരിഫുകളിലുമുള്ള സമീപകാല മാറ്റങ്ങളാണ് വില വർധനവിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
രണ്ട് കമ്പനികളും ഉപഭോക്താക്കൾക്ക് അയച്ച കത്തിൽ, വില വർധിക്കുന്നതിന് മുമ്പ് നിലവിലെ വിലയിൽ സാധനങ്ങൾ വാങ്ങാൻ അഭ്യർത്ഥിച്ചു. 800 ഡോളറിൽ താഴെയുള്ള ഉൽപന്നങ്ങൾക്ക് യു.എസിൽ നികുതിയില്ലാതെ പ്രവേശിക്കാൻ അനുവദിച്ചിരുന്ന “ഡി മിനിമസ്” ഇളവ് അടുത്തിടെ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കിയിരുന്നു. മെയ് 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം, യു.എസ് വിപണിയിൽ പ്രവർത്തിക്കുന്ന ചൈനീസ് വ്യാപാരികളുടെ വിലനിർണ്ണയ തന്ത്രങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വില വർധനവ്, ഷീൻ, ടെമു പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങിയിരുന്ന പല ഉപഭോക്താക്കളും ഇനി മറ്റ് വഴികൾ തേടാൻ നിർബന്ധിതരാകും. ഇത് മറ്റ് വിപണികളെയും പുതിയ വ്യാപാര ബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കാൻ സാധ്യതയുണ്ട്.