ഒട്ടാവയിൽ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. നഗരം മുഴുവൻ മഞ്ഞുമൂടിയതിനെ തുടർന്ന് എൻവയോൺമെൻ്റ് കാനഡ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകി. ഉച്ചയോടെ, ഒട്ടാവ എയർപോർട്ടിൽ 14 സെൻ്റീമീറ്റർ വരെ മഞ്ഞ് രേഖപ്പെടുത്തി. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് ദൃശ്യത കുറയുകയും റോഡുകളിൽ അപകടഭീഷണി ഉയരുകയും ചെയ്തു.
നഗരത്തിൻ്റെ നോർത്ത് വെസ്റ്റേൺ മേഖലകളായ കനാറ്റ നോർത്ത്, വെസ്റ്റ് കാർലെറ്റൺ-മാർച്ച്, ബേ എന്നിവിടങ്ങളിൽ 5,000-ൽ അധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിട്ടതായി ഹൈഡ്രോ ഒട്ടാവ അറിയിച്ചു. കാറ്റിൽ ലൈനുകൾ പൊട്ടിവീണതാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. വൈദ്യുതി തിരികെ കൊണ്ടുവരാൻ ജീവനക്കാർ രാപകൽ ഇല്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഞ്ഞുവീഴ്ച കുറയുമെന്നും രാത്രിയിൽ താപനില -9°C വരെ താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊടുങ്കാറ്റ് ശമിച്ചാലും, ഈ ആഴ്ചയിൽ തണുത്ത കാലാവസ്ഥയും നേരിയ മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.