ഒൻപത് മാസത്തെ അനിശ്ചിതത്വത്തിനു ശേഷം സുനിത വില്യംസിന്റെ തിരിച്ചെത്തലിൽ കുടുംബം സന്തോഷം പ്രകടിപ്പിച്ചു. “ആ നിമിഷം വിശ്വസിക്കാനാകാത്തതായിരുന്നു” എന്നാണ് സുനിതയുടെ സഹോദര ഭാര്യ ഫാൽഗുനി പാണ്ഡ്യയെ പറഞ്ഞതെന്ന് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വൈകാതെ സുനിത ഇന്ത്യ സന്ദർശിക്കുമെന്നും ഫാൽഗുനി പാണ്ഡ്യ വ്യക്തമാക്കി. “തീയതി കൃത്യമായി പറയാൻ കഴിയില്ലെങ്കിലും, ഈ വർഷം തന്നെ സുനിത ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ” എന്ന് അവർ അഭിപ്രായപ്പെട്ടു.
“ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സ്നേഹത്തെക്കുറിച്ച് സുനിതയ്ക്ക് നന്നായി അറിയാം. സുനിത തീർച്ചയായും ഇന്ത്യയിലേക്ക് വരും, എന്നാണെന്ന് മാത്രമാണ് ചോദ്യം” എന്ന് ഫാൽഗുനി കൂട്ടിച്ചേർത്തു. അവധിക്കാലം ഒരുമിച്ചാഘോഷിക്കാനും കുടുംബവുമായുള്ള സമയത്തിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
“സുനിത വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ, ചൊവ്വയിൽ കാലുകുത്തുന്ന ആദ്യ വ്യക്തിയാകുമോ” എന്ന ചോദ്യങ്ങൾക്ക് തീരുമാനം സുനിതയുടേതാണെന്ന് ഫാൽഗുനി മറുപടി നൽകി. സുനിത എല്ലാവർക്കും മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ മഹാകുംഭമേളയെക്കുറിച്ച് പറഞ്ഞപ്പോൾ സുനിത വളരെ ആകാംക്ഷയോടെ എല്ലാം വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചിത്രങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുകയും ചെയ്തതായി ഫാൽഗുനി വെളിപ്പെടുത്തി.
ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് മെക്സിക്കൻ ഉൾക്കടലിൽ പാരാഷൂട്ടുകളുടെ സഹായത്തോടെ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി. ജൂൺ അഞ്ചിന് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് പോയ ഇരുവരും ജൂൺ പകുതിയോടെ തിരിച്ചെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ത്രസ്റ്ററുകളുടെ തകരാറുകൾ മൂലം മടക്കയാത്ര നീണ്ടു. ഒടുവിൽ സ്പേസ് എക്സിന്റെ പേടകത്തിലാണ് അവർ ഭൂമിയിലേക്ക് മടങ്ങിയത്.