സംഭവം പുറത്തറിയുമെന്ന ഭയത്താൽ കുട്ടിയെ കൊലപ്പെടുത്തിയതായി പ്രതിയുടെ മൊഴി
മാള കുഴൂര്‍ സ്വദേശി അജീഷിന്റെ മകന് ഏബലിനെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച പ്രതി, കുട്ടി എതിർത്തതിനെ തുടർന്ന് വിവരം പുറത്തറിയുമെന്ന ഭയത്താലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബൈക്ക് മോഷണക്കേസിൽ നേരത്തെ പ്രതിയായിരുന്ന ജോജോ അടുത്തിടെ ജാമ്യത്തിലിറങ്ങിയതാ യിരുന്നെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് ഏബൽ വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്ന് കളിക്കുന്നതിനിടെ ജോജോ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചെങ്കിലും ഏബൽ അത് ചെറുത്തു. വിവരം പുറത്താകുമെന്ന ഭയം മൂലം കുട്ടിയുടെ മുഖം ബലമായി പൊത്തിപ്പിടിച്ച് കുളത്തിലിട്ട് കൊലപ്പെടുത്തുകയായിരുന്നു.
ഏബലിനെ വൈകിട്ട് 6.20 മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ജോജോയും ഏബലും ഒരുമിച്ച് പോകുന്നത് കണ്ടതിനെ തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിൽ ജോജോയും പങ്കെടുത്തിരുന്നു. എന്നാൽ അയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കുട്ടിയുടെ വീടിനടുത്ത് വെറും 300 മീറ്റർ മാത്രം ദൂരത്താണ് ജോജോ താമസിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. മരണം ഉറപ്പാക്കാനാണ് കുട്ടിയെ കുളത്തിലിട്ടതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ദാരുണമായ ഈ സംഭവം പ്രദേശവാസികളെ നടുക്കിയിരിക്കുകയാണ്.താണിശേരി സെന്റ് സേവ്യേഴ്സ് സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് മരിച്ച ആറുവയസുകാരന്.