2023-ൽ 458 ഭവനരഹിതർ മരിച്ചു 2022-നെ അപേക്ഷിച്ച് 23% വർധനവ്; 2020-നെക്കാൾ മൂന്നിരട്ടി ഉയർന്ന നിരക്ക്
ബ്രിട്ടീഷ് കൊളംബിയയിൽ ഭവനരഹിതരുടെ മരണനിരക്ക് ആശങ്കാജനകമായി ഉയരുന്നതായി റിപ്പോർട്ട്. 2023-ൽ 458 ഭവനരഹിതരാണ് മരണമടഞ്ഞത്, ഇത് 2022-നെ അപേക്ഷിച്ച് 23% വർധനവും 2020-നെക്കാൾ ഏകദേശം മൂന്നിരട്ടിയും ആണ്. ഈ മരണങ്ങളിൽ 91% ആകസ്മികമായിരുന്നുവെന്നും 86% മായം ചേർത്ത മയക്കുമരുന്ന് പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണെന്നും പഠനം വെളിപ്പെടുത്തുന്നു.
30-49 വയസ്സിനിടയിലുള്ളവരാണ് ഏറ്റവും കൂടുതൽ മരണത്തിന് കീഴടങ്ങിയത്. ഇതിൽ 79% പുരുഷന്മാരാണ്. ഫ്രേസർ ഹെൽത്ത് മേഖലയിൽ 117 മരണങ്ങളും വാൻകൂവർ ഐലൻഡിൽ 114 മരണങ്ങളും (ഏറ്റവും വലിയ വർധനവ്). വാൻകൂവർ കോസ്റ്റൽ പ്രദേശത്ത് 95 മരണങ്ങളും രേഖപ്പെടുത്തി. ഈ സാഹചര്യം പ്രദേശത്തെ സാമൂഹിക പ്രശ്നങ്ങളുടെ ദുരന്തപൂർണ്ണമായ യാഥാർഥ്യമാണെന്ന് ചീഫ് കൊറോണർ അഭിപ്രായപ്പെട്ടു.
ഈ ആശങ്കാജനകമായ വർധനവ് ബി.സി.യിലെ ഭവനരഹിതരുടെ അവസ്ഥയിലെ ഗുരുതരമായ പ്രതിസന്ധിയെ എടുത്തുകാണിക്കുന്നു. മായം ചേർത്ത മയക്കുമരുന്നുകളുടെ ലഭ്യത മതിയായ പാർപ്പിട സൗകര്യങ്ങളുടെ അഭാവം. മാനസികാരോഗ്യ പിന്തുണയുടെ കുറവ് എന്നിവ ഈ പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ആരോഗ്യ വിദഗ്ധരും സാമൂഹിക പ്രവർത്തകരും അടിയന്തിര നടപടികൾ ആവശ്യപ്പെടുന്നു. പ്രത്യേകിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണവും പാർപ്പിട പദ്ധതികളും ശക്തിപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നു.