ടാറ്റൂ ചെയ്യുന്നത് പൊതുവെ സുരക്ഷിതമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, രോഗബാധ, അലർജി, കാൻസർ സാധ്യതകൾ തുടങ്ങിയ ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് ഡെർമറ്റോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. ടാറ്റൂ ഒരു സ്ഥിരം പ്രക്രിയയാണ്. സൂചി ഉപയോഗിച്ച് ചർമ്മത്തിലേക്ക് മഷി കുത്തിവയ്ക്കുന്നതിലൂടെ മൈക്കോബാക്ടീരിയൽ അണുബാധ, ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, മിക്ക ടാറ്റൂ പാർലറുകളിലെയും ശുചിത്വം മൂലം അപകടസാധ്യത താരതമ്യേന കുറവാണ്.
ചില ടാറ്റൂ മഷികളോടുള്ള അലർജി ഒരു ആശങ്കയാണ്, പ്രത്യേകിച്ചും ചുവപ്പ് നിറത്തിലുള്ള മഷികളിൽ അടങ്ങിയിരിക്കുന്ന “അസോ ഡൈകൾ” അലർജിക്ക് കാരണമാകാറുണ്ട്. ടാറ്റൂ മഷികളിൽ നിക്കൽ, മെർക്കുറി, ലെഡ് തുടങ്ങിയ അപകടകരമായ ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്കയുണ്ട്. ടാറ്റൂവും കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിമിതമായ പഠനങ്ങളെ നടന്നിട്ടുള്ളു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ടാറ്റൂ കാൻസറിന് കാരണമായേക്കാം എന്നാണ്, എന്നാൽ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ടാറ്റൂ മഷികളിലെ കാർബൺ ബ്ലാക്ക് പോലുള്ള ചില സംയുക്തങ്ങൾ കാൻസറിന് കാരണമാകുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ഒരു ടാറ്റൂ ചെയ്യുന്നതിന് മുൻപ്, അംഗീകൃത ടാറ്റൂ സ്റ്റുഡിയോ തിരഞ്ഞെടുക്കാനും, അവിടെ ഉപയോഗിക്കുന്ന മഷി ആരോഗ്യപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കുക. ടാറ്റൂ പാർലറുകൾക്ക് കാനഡയിൽ നിയമങ്ങളുണ്ടെങ്കിലും യൂറോപ്യൻ യൂണിയനിലേതുപോലെ കർശനമല്ല. ദീർഘകാല ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, ലേസർ ചികിത്സ പോലുള്ള ടാറ്റൂ നീക്കം ചെയ്യാനുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കാവുന്നതാണ്. എന്നാൽ, അവ രാസമാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ മറ്റ് അപകടങ്ങൾക്ക് കാരണമായേക്കാം.