ബ്രിട്ടീഷ് കൊളംബിയ : 2024-ൽ ആൽബർട്ടയിലെ ജാസ്പർ വനമേഖലയിൽ പടർന്ന കാട്ടുതീ മൂലം ടൂറിസം ഇല്ലാതായതോടെ, ബ്രിട്ടീഷ് കൊളംബിയയിലെ വാലമൗണ്ട് ഗ്രാമം ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ ചെറിയ ഗ്രാമം കാട്ടുതീ സമയത്ത് 20,000 അഭയാർത്ഥികളെ സഹായിച്ചു. പക്ഷേ പിന്നീട് റോഡുകൾ അടച്ചപ്പോൾ സഞ്ചാരികളുടെ വരവ് നിലച്ചു.
വടക്കൻ ബ്രിട്ടീഷ് കൊളംബിയയിൽ നിന്നും ആൽബർട്ടയിൽ നിന്നുമുള്ള വേനൽക്കാല ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന ഈ ഗ്രാമത്തിന് ഒന്നര മാസത്തോളം ബിസിനസ് നഷ്ടപ്പെട്ടു. സ്ട്രാറ്റജീസ് നോർത്ത് എന്ന കൺസൾട്ടിംഗ് സ്ഥാപനം നടത്തിയ സർവേ പ്രകാരം, 70% ബിസിനസുകളും വരുമാന നഷ്ടം മൂലം നിലനിൽപ്പിനുള്ള വിഭവങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ്. ട്വിൻ പീക്സ് റിസോർട്ടും ത്രീ റേഞ്ചസ് ബ്രൂയിങ്ങും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സേവിങ്സും സന്നദ്ധ സഹായവും കൊണ്ട് മാത്രം പിടിച്ചു നിൽക്കുകയാണ്.
അടുത്ത ടൂറിസം സീസൺ വരെ കമ്മ്യൂണിറ്റിയെ നിലനിർത്താൻ 1.5 മില്യൺ ഡോളറിന്റെ അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് വാലമൗണ്ട് പ്രൊവിൻഷ്യൽ, ഫെഡറൽ സർക്കാരുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബി.സി. സർക്കാർ സാമ്പത്തിക പുനർനിർമ്മാണ പദ്ധതിക്കായി ഫണ്ട് നൽകിയെങ്കിലും ആ പദ്ധതി നടപ്പാക്കാനുള്ള അധിക ഫണ്ടിംഗ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല.
“ദൃശ്യമല്ലാത്ത പ്രശ്നങ്ങളാൽ നിങ്ങളുടെ ഗ്രാമം തകരുമ്പോൾ, നിങ്ങൾക്ക് കിട്ടുന്നത് വെറും സാന്ത്വന വാക്കുകൾ മാത്രം.” എന്ന് മേയർ ഓവൻ ടോർഗേഴ്സൺ പറഞ്ഞു. വേഗത്തിലുള്ള സഹായമില്ലെങ്കിൽ മിക്ക ബിസിനസുകളും നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിസന്ധി ഘട്ടത്തിൽ അഭയാർത്ഥികളെ സഹായിച്ചിട്ടും അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ ബിസിനസ് ഉടമകൾക്കുണ്ട്. ജാസ്പറിന്റെ തുടരുന്ന പുനർനിർമ്മാണവും അന്താരാഷ്ട്ര സഞ്ചാരികളുടെ കാട്ടുതീ ഭയവും മൂലം വേനൽക്കാല ടൂറിസം കുറയുമോ എന്ന ആശങ്കയും വ്യാപകമാണ്.