അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പാരീസിൽ നടത്തിയ പ്രസ്താവനയിൽ, റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളിൽ വ്യക്തമായ പുരോഗതിയുണ്ടായില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അമേരിക്ക ഇടപെടലുകളിൽ നിന്ന് പിൻമാറുമെന്ന് മുന്നറിയിപ്പ് നൽകി. യൂറോപ്യൻ-യുക്രെയ്ൻ നേതാക്കളുമായി നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തി ദിവസങ്ങൾക്കകം യുദ്ധം അവസാനിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഏപ്രിൽ-മേയ് കാലയളവിനുള്ളിൽ കരാറിലെത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. സമീപകാല ചർച്ചകളിൽ ചില പോസിറ്റീവ് സൂചനകൾ ഉണ്ടെങ്കിലും, പ്രത്യേകിച്ച് സുരക്ഷാ ഗ്യാരന്റികൾ സംബന്ധിച്ച് പ്രധാന വെല്ലുവിളികൾ നിലനിൽക്കുന്നു.
റൂബിയോ അമേരിക്കയും യുക്രെയ്നും തമ്മിൽ ഒരു ധാതു കരാറിനെക്കുറിച്ചും സൂചിപ്പിച്ചു. നേരത്തെ ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിലുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ കരാർ തകർന്നിരുന്നു.
“അർത്ഥവത്തായ പുരോഗതി സാധ്യമാണോ എന്ന് വളരെ വേഗത്തിൽ തീരുമാനിക്കേണ്ടതുണ്ട്, അല്ലെങ്കിൽ മറ്റ് അടിയന്തിര ആഗോള പ്രശ്നങ്ങളിലേക്ക് ഞങ്ങളുടെ ശ്രദ്ധ മാറ്റും,” എന്നും “ലോകമെമ്പാടുമുള്ള തീർക്കപ്പെടാത്ത സംഘർഷങ്ങൾ നീണ്ടുപോകുന്നതിൽ ട്രംപ് ഭരണകൂടത്തിന് വർദ്ധിച്ചുവരുന്ന നിരാശയുണ്ട്.”എന്നും റൂബിയോ പറഞ്ഞു.