മാനിറ്റോബ : മാനിറ്റോബ ഹൈഡ്രോയെ 2035-ഓടെ പൂർണ്ണമായും ഹരിത ഊർജ്ജത്തിലേക്ക് മാറ്റുമെന്ന നേരത്തെയുള്ള വാഗ്ദാനം നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് മാനിറ്റോബ പ്രിമിയർ വാബ് കിനൂ വ്യക്തമാക്കി. യുഎസുമായുള്ള വ്യാപാര പ്രശ്നങ്ങളും പുതിയ സാങ്കേതിക വെല്ലുവിളികളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.മാനിറ്റോബ ഹൈഡ്രോയുടെ ഇപ്പോഴത്തെ ഊർജ്ജ ഉത്പാദനത്തിന്റെ ഭൂരിഭാഗവും ജലവൈദ്യുത പദ്ധതികളിൽ നിന്നാണെങ്കിലും, ബ്രാൻഡണിലെ പ്രകൃതിവാതക നിലയം ഇപ്പോഴും ഒരു ചെറിയ ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
2024-ൽ മുൻ CEO ജേ ഗ്രേവാൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനം ഗുരുതരമായ വൈദ്യുതി ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതക്കായി 500 മെഗാവാട്ടിന്റെ പുതിയ പവർ സ്റ്റേഷൻ നിർമ്മിക്കാൻ 1.36 ബില്യൺ ഡോളർ മുടക്കി മാനിറ്റോബ ഹൈഡ്രോ ഫെബ്രുവരിയിൽ നിർദ്ദേശം വെച്ചു. എന്നാൽ ഈ പുതിയ നിലയം പ്രകൃതിവാതകമോ ഹൈഡ്രജനോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
“നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് വിശ്വസനീയവും താങ്ങാനാവുന്നതുമായ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ ലക്ഷ്യം. ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റം ഞങ്ങൾ കടമപ്പെട്ടിരിക്കുന്നുവെങ്കിലും, ഈ മാറ്റം സുരക്ഷിതവും ഘട്ടംഘട്ടമായും ആയിരിക്കണം,” എന്ന് പ്രിമിയർ കിനൂ പ്രസ്താവിച്ചു.