മോൺട്രിയലിന് സൗത്ത് വെസ്റ്റ് ആയി 65 കിലോമീറ്റർ അകലെയുള്ള Godmanchester ന് സമീപം, ക്യൂബെക്ക്-ന്യൂയോർക്ക് അതിർത്തിയിലെ വനത്തിൽ ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്ന് RCMP അറിയിച്ചു. ഇവർ നിയമവിരുദ്ധമായി കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വഴിതെറ്റിപ്പോയതാകാമെന്നാണ് നിഗമനം. ബുധനാഴ്ച രാത്രി ഒരു കൂട്ടം കുടിയേറ്റക്കാർ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം.
സ്ഥലത്തുണ്ടായിരുന്ന രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയേയും അധികൃതർ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന്, ഒരു സ്ത്രീയും രണ്ട് കുട്ടികളും വനത്തിൽ വഴിതെറ്റിപ്പോയെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. തുടർന്ന് RCMP ട്രാക്കിംഗ് ഡോഗ്, ഹെലികോപ്റ്റർ എന്നിവയുടെ സഹായത്തോടെ ക്യൂബെക്ക് പ്രൊവിൻഷ്യൽ പോലീസുമായി ചേർന്ന് രാത്രി മുഴുവൻ തിരച്ചിൽ നടത്തി.
അമേരിക്കയിൽ അഭയം തേടിയവരുടെ സംരക്ഷണ കാലാവധി അവസാനിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക വർധിച്ചതോടെ, യു.എസ്സിൽ നിന്ന് കാനഡയിലേക്ക് അഭയം തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.